പത്തനംതിട്ട : യുഡിഎഫ് സർക്കാരിന്റെ കാലത്ത് താൻ നേരിട്ട പോലീസ് അതിക്രമം വിവരിച്ച് എസ്എഫ്ഐ മുൻ ഭാരവാഹി. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ആണ് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായിരുന്ന മധു ബാബുവിനെതിരേ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉന്നയിച്ചത്.
2012 ഒക്ടോബർ മാസം 12-ാം തീയതി നടന്ന സംഭവത്തെ കുറിച്ചാണ് ജയകൃഷ്ണൻ കുറിച്ചത്. കോന്നി സിഐ ആയിരുന്ന കാലത്ത് മധു ബാബു തന്നെ മർദിച്ചുവെന്നാണ് ആരോപണം. കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു. ചെവിയുടെ ഡയഫ്രം അടിച്ചു പൊട്ടിച്ചുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ജയകൃഷ്ണൻ ആരോപിച്ചു .
എംജി യൂണിവേഴ്സിറ്റി കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു. ഇതിനിടെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് മർദിക്കുകയായിരുന്നുവെന്നാണ് ജയകൃഷ്ണൻ പറയുന്നത്. നിരവധി കേസുകളിൽ ജയകൃഷ്ണനെ പ്രതിയാക്കപ്പെടുകയും മൂന്നരമാസത്തോളം തടവിൽ കഴിയുകയും ചെയ്തിരുന്നു.
വിഷയത്തിൽ പിന്നീട് ജയകൃഷ്ണൻ നൽകിയ പരാതിയിൽ മധു ബാബുവിനെതിരേ അന്വേഷണം നടക്കുകയും അച്ചടക്ക നടപടിയെടുക്കണമെന്ന റിപ്പോർട്ട് വരികയും ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലായില്ല. ഇതു ചൂണ്ടിക്കാട്ടി ജയകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്