തിരുവല്ല: ദൈവം ആഗ്രഹിച്ച മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ എന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു.
മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക പ്രഭാഷണം കുമ്പനാട് മാർത്തോമ്മാ വലിയ പള്ളിയിൽ നിർവ്വഹിക്കുകയായിരുന്നു മെത്രാപ്പോലീത്താ. വിശാലമായ അറിവും ആഴമായ ആദ്ധ്യാത്മികതയും കൊണ്ട് അദ്ദേഹം നമുക്ക് അനുഗ്രഹമായി.
മനുഷ്യനെ മനുഷ്യനാക്കുക എന്ന ധർമ്മത്തിനു വേണ്ടി തന്റെ ജീവിതം മാറ്റിവച്ചു. ജാതിമനുഷ്യനെ വെടിഞ്ഞ് ക്രിസ്തുവിൽ ഒരു നവമാനവീകത കൈവരുത്തുവാൻ വലിയമെത്രാപ്പോലീത്താ നമ്മെ വെല്ലുവിളിച്ചു. പാവപ്പെട്ടവനെ മനുഷ്യാന്തസിലേക്ക് ഉയർത്തുവാൻ ജീവിതത്തിലൂടനീളം അദ്ദേഹം പ്രവർത്തിച്ചു. യഥാർത്ഥ മനുഷ്യനാണ് യഥാർത്ഥ മതവിശ്വാസി ആകുന്നത്. അദ്ദേഹത്തിന്റെ ആദ്ധ്യാത്മികത നീതിയായിരുന്നു. എല്ലാവരെയും തുല്യരായി കാണുന്ന മാനവികത ആയിരിക്കണം നമ്മുടെ മതം എന്നദ്ദേഹം പഠിപ്പിച്ചു.
ഏറ്റവും പാവപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ മനുഷ്യരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരെ അന്തസ്സുള്ളവരാക്കിത്തീർത്തു. നർമ്മത്തെ വേദപുസ്തക വ്യഖ്യാനത്തിനുള്ള ഉപാധിയാക്കി മാറ്റി മനുഷ്യത്വം പ്രാവർത്തികമാക്കി. മതവൈവിധ്യമുള്ള സമൂഹത്തിൽ എല്ലാ മതങ്ങളെയും ആദരിക്കണമെന്നുള്ള മതേതരത്വ മാനവിക കാഴ്ചപ്പാട് ശക്തമായി പഠിപ്പിച്ചു. വലിയവനാകണമെങ്കിൽ ചെറുതാകണം. വലിയ തിരുമേനി ചെറിയവനാകുവാൻ മനസ്സുള്ളവനായതിനാലാണ് വലിയ തിരുമേനിയായത്.
ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ മാതൃകാപരമായ ജീവിതം നമ്മുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകട്ടെ മാർ കൂറിലോസ് മെത്രാപ്പോലീത്താ പറഞ്ഞു. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അധ്യക്ഷനായി.
സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് എന്നിവർ പ്രസംഗിച്ചു. സഭാ കൗൺസിൽ അംഗവും ഇടവക വികാരിയുമായ റവ. ഡോ. ഡാനിയേൽ മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. വികാരി ജനറാൾ റവ. കെ. എം. മാമ്മൻ സഭയുടെ ഉപഹാരം മാർ കൂറിലോസ് മെത്രാപ്പോലീത്തായ്ക്ക് നൽകി.