തിരുവല്ല : കേരളത്തിൻ്റെ സാമൂഹ്യ വ്യവസ്ഥിതികളിൽ നിർണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്തയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പാവപ്പെട്ടവരേയും പിന്നോക്കക്കാരെയും സംരക്ഷിക്കാനുള്ള ചുമതല സർക്കാരിൻ്റെ മാത്രം ബാധ്യത അല്ലെന്നും, ക്രൈസ്തവ സഭകൾ കൂടി ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പരസ്യമായി പറയുകയും അതിനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. തപസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ യൂഹാനോൻ മാർത്തോമ്മ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുക ആയിരുന്നു അദ്ദേഹം. യൂഹാനോൻ മാർത്തോമ്മയുടെ 132 – ആം – ജന്മദിനം പ്രമാണിച്ചാണ് ചsങ്ങ് സംഘടിപ്പിച്ചത്.
അച്ചുതമേനോൻ സർക്കാർ ലക്ഷം വീട് പദ്ധതി നടപ്പാക്കുന്നതിന് കാരണമായി ഭവിച്ചത് മെത്രാപോലീത്ത ആരംഭിച്ച ഭുവന ദാന പ്രസ്ഥാനമാണ്. ഇതിൻ്റെ മാതൃകയിലാണ് സർക്കാർ വിപുലമായ ഭവന പദ്ധതി ആരംഭിച്ചത്.അദ്ദേഹം സ്ത്രീധനത്തിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ക്രൈസ്തവരുടെ പിതൃസ്വത്തിൽ സ്ത്രീകൾക്ക് തുല്യാവകാശം നൽകണമെന്ന് വാദിക്കുകയും അത് നല്കിയില്ലെങ്കിൽ നിയമം മൂലം അത് നടപ്പാകുന്ന കാലം വരുമെന്ന് പ്രവചിക്കുകയും ചെയ്ത ആത്മീയ നേതാവായിരുന്നു യൂഹാനോൻ മെത്രാപ്പോലീത്തയെന്ന് സതീശൻ പറഞ്ഞു.
തപസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത നിർവഹിച്ചു. തപസ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. ബിപിൻ മാമ്മൻ അധ്യക്ഷനായി. രാജസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. മാർത്തോമ്മ സഭയിലെ മുൻ വികാരി ജനറൽ റവ. ഡി ഫിലിപ്പ് പ്രസംഗിച്ചു. രാജീവ് മേച്ചേരി, അജികുതിരവട്ടം, ജോമോൻ കുളങ്ങര,സിന്ധു ജെയിംസ്, രശ്മി സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.