കൊൽക്കത്ത/തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചര്‍ച്ച് ഓഫ് ഇന്ത്യ ബാഹ്യ കേരള ഡയോസിസിന്റെ ആഭിമുഖ്യത്തിലുള്ള 37 -ാമത് സമ്മേളനം ഡംഡം ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ കൽക്കട്ട ബൈബിൾ സെമിനാരിയിൽ നാളെ (31) ആരംഭിക്കും. ബാഹ്യ കേരള ഡയോസിസ് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്യും.
യുവജനങ്ങൾക്കായും, സണ്ടേസ്കൂൾ കുട്ടികൾക്കായും, പ്രായമുള്ളവർക്കായും പ്രത്യേക സമ്മേളനങ്ങൾ, പത്മോസ് എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസുകളും, സെമിനാറുകളും നടത്തപ്പെടുന്നതാണ്. ഇവാൻജലിക്കൽ സഭാ വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, എൽ. റ്റി. ജയചന്ദ്രൻ പൂനെ, റവ. അശോക് ആന്‍ഡ്രൂസ് കൊൽക്കത്ത, റവ. ഡോ. അനിയൻകുഞ്ഞ് ജോയ്, റവ. പ്രകാശ് തോമസ്, എൽ. റ്റി. ജയചന്ദ്രൻ പൂനെ തുടങ്ങിയവർ പഠന ക്ലാസുകൾക്ക് നേതൃത്വം നല്കും.
സൺഡേ സ്കൂൾ കുട്ടികൾക്കുള്ള ക്ളാസുകൾക്ക് റവ. ഡെയ്ൻ മാത്യൂ ദാസ് നേതൃത്വം നൽകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. ബൈബിൾ പഠനങ്ങൾ, ചര്‍ച്ചകൾ, സെമിനാറുകൾ, ടാലന്റ് നൈറ്റ് തുടങ്ങിയ വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടും.
സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ഡയോസിസിലെ വൈദീകരുടെയും, മിഷനറിമാരുടെയും സമ്മേളനം നടത്തി. ഹിന്ദി മിഷൻ ഡയറക്ടർ റവ. ഷിബു കോരുത് മുഖ്യ സന്ദേശം നൽകും. റവ. അച്ചൻകുഞ്ഞ് ജോർജ് ഭോപ്പാൽ, കെ. സഖറിയ പൂനെ, ജിജി ജോസഫ് കോൽക്കത്ത, റവ. ലിജു കെ.പി കാൺപൂർ, റവ. ബെന്നി വർക്കി കോൽക്കത്ത, റവ. വർഗീസ് സാമുവേൽ പൻവേൽ എന്നിവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നതായി ബാഹ്യ കേരള ഡയോസിസ് സെക്രട്ടറി റവ. ലാജി വർഗീസ് അറിയിച്ചു.
സമ്മേളനം മൂന്നിന് സമാപിക്കും. സമാപന ദിവസം നടത്തപ്പെടുന്ന തിരുവത്താഴ ശുശ്രൂഷക്ക് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ മുഖ്യ കാർമ്മികത്വം വഹിക്കും.