പത്തനംതിട്ട: ചിറ്റാർ മേഖലയിൽ എക്സൈസ് പോലീസ് സംഘങ്ങൾ മിന്നൽ പരിശോധന നടത്തി.ഈ പ്രദേശത്ത് ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായിരുന്നു പരിശോധന. ചിറ്റാർ റേഞ്ചിലെ ചിറ്റാർ ടൗൺ പ്രദേശങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തി.
വനപ്രദേശങ്ങളിൽ വ്യാജവാറ്റ് കണ്ടെത്തുന്നതിനായി സീതത്തോട് പഞ്ചായത്തിലെ പഞ്ഞിപ്പാറ, കൊച്ചാണ്ടി, ആങ്ങമുഴി , ഗുരുനാഥൻ മണ്ണ് , പ്ലാപ്പള്ളി, തേവർ മല തുടങ്ങിയ മേഖലകളിൽ പരിശോധന നടത്തി. എക്സൈസ്, പോലീസ് കേസുകളിൽ ഉൾപ്പെട്ട മുൻ പ്രതികളെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
നാല് സംഘങ്ങളായി നടത്തിയ പരിശോധനയിൽ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ പങ്കെടുത്തു.
പരിശോധനകൾക്ക് എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ മാരായ അഭിലാഷ്, മനോജ്, ഹുസൈൻ അഹമ്മദ്, മൂഴിയാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.റോബർട്ട് അറിയിച്ചു.