പത്തനംതിട്ട : ശബരിമല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുറുവിലങ്ങാട് റേഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ മദ്യപിച്ച് കലഹ സ്വഭാവിയായി പെരുമാറിയതിനു നിലയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുരികല്ലുംപുറം മനക്കത്തറയിൽ വീട്ടിൽ എം ടി അജിമോൻ (46) ആണ് പിടിയിലായത്.
ശബരിമലയിലായിരുന്ന ഇദ്ദേഹത്തിന്റെ ഡ്യൂട്ടി കഴിഞ്ഞിരുന്നതാണ്. നിലയ്ക്കൽ കെഎസ്ആർടിസി ജംഗ്ഷനിലായിരുന്നു സംഭവം. റോഡിൽ ഇയാൾ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം പെരുമാറുന്നത് കണ്ട്, എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധന നടത്തിയ ഡോക്ടർ രേഖപ്പെടുത്തി. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു, കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.