ബെംഗളൂരു : കർണാടകയിലെ ബെല്ലാരി സർക്കാർ ആശുപത്രിയിൽ മൂന്നു ദിവസത്തിനുള്ളിൽ അഞ്ച് അമ്മമാർ മരിച്ചു. ആശുപത്രിയിൽ മൂന്ന് ദിവസത്തിൽ 34 സ്ത്രീകൾ പ്രസവിച്ചതിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. ഇവരിൽ അഞ്ച് പേർ മരിച്ചു.മറ്റ് രണ്ട് പേർ അത്യാസന്ന നിലയിലാണ്.
മരിച്ച യുവതികളുടെ വൃക്കയിലുൾപ്പെടെ ഗുരുതര മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നൽകിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. ബംഗാൾ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാർമസ്യൂട്ടിക്കൽസാണ് മരുന്ന് ഉൽപ്പാദിപ്പിച്ച് നൽകിയത്. ഗുണനിലവാരമില്ലാത്ത മരുന്ന് നൽകിയതാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. വിശദമായ അന്വേഷണത്തിന് സർക്കാർ നാലംഗ സംഘത്തെ നിയോഗിച്ചു.