തിരുവനന്തപുരം : ആദ്യകാലത്തെ പോലെ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുണ്ടോയെന്ന് വിലയിരുത്തണമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വര്‍ഗീയപാര്‍ട്ടികള്‍ക്കു പിറകെ ഒരു വിഭാഗം ജനം പോകാനുണ്ടായ സാഹചര്യം പഠിക്കണം. ഒരു പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ആ പാര്‍ട്ടിയുടെ സമീപനത്തിനെതിരെ സംസാരിക്കുന്നത് ശരിയല്ലെന്ന് ശശി തരൂരിനെ ലക്ഷ്യമിട്ട് സുധാകരന്‍ പറഞ്ഞു. നെഹ്‌റു സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ആ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മാനവികത നടപ്പാകാതിരിക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നതില്‍ തെറ്റില്ല. ഐക്യരാഷ്ട്രസംഘടനയില്‍ ജോലി ചെയ്‌തെന്ന കാരണം കൊണ്ട് ഒരാള്‍ രാഷ്ട്രതന്ത്രജ്ഞനാകില്ല. അങ്ങനെയുള്ളവരെ ഉദ്യോഗസ്ഥരെന്നാണു വിളിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. താന്‍ കോണ്‍ഗ്രസിലേക്കു പോകുമെന്ന പ്രചാരണം ശരിയല്ലെന്നും ഒരാളുടെ രാഷ്ട്രീയം പെട്ടെന്ന് അലിഞ്ഞു പോകുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.






