പത്തനംതിട്ട: ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലയിൽ ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. മഹാത്മാവിനോട് ആദരവ് പ്രകടിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാർ നടത്തുന്ന മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ജയന്തി ആഘോഷത്തിന്റെ ഭാഗമായി.
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, നഗരസഭ അധ്യക്ഷൻ റ്റി. സക്കീർ ഹുസൈൻ, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, എഡിഎം ബി. ജ്യോതി, എസ്. പി. സി. അംഗങ്ങൾ എന്നിവർ പുഷ്പാർച്ചന നടത്തി.
കലക്ടറേറ്റ് അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, എഡിഎം ബി. ജ്യോതി എന്നിവരും പുഷ്പാർച്ചന നടത്തി.
ഒക്ടോബർ രണ്ടിന് ആരംഭിച്ച് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനമായ 2025 മാർച്ച് 30 ഓടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നത് ലക്ഷ്യമാക്കിയുള്ള മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം ചെന്നീർക്കര എസ്എൻഡിപി സ്കൂളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.