അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ, കുട്ടിയെ വിവാഹം കഴിച്ച യുവാവും, കൂട്ടുനിന്ന കുട്ടിയുടെ അമ്മയും അറസ്റ്റിൽ. കടമ്പനാട് വടക്ക് കാട്ടത്താംവിള പുളി വിളയിൽ വീട്ടിൽ ആദിത്യൻ(21), ഭർത്താവിൽ നിന്നും അകന്നുകഴിയുന്ന പെൺകുട്ടിയുടെ മാതാവ് എന്നിവരാണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്.
മൂന്നും നാലും പ്രതികളായ യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ച് സമ്മതം നേടിയാണ് രണ്ടാം പ്രതി ഇരുവരുടെയും വിവാഹം നടത്തികൊടുത്തത്. സ്വകാര്യബസ്സിലെ കണ്ടക്ടറായ പ്രതി,17 കാരിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു.
കുട്ടിയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ എതിർത്തുവെങ്കിലും, കൂട്ടാക്കാതെ ബന്ധം തുടരുകയും, ഒപ്പം താമസിക്കുകയുമായിരുന്നു. തുടർന്ന് ഗർഭിണിയാവുകയും, അഞ്ചാം മാസം യുവാവിന്റെ മാതാപിതാക്കൾ ജോലി ചെയ്യുന്ന വയനാട് പോകുകയും ചെയ്തു. അവിടെവച്ച് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവത്തിന് ശേഷം നാല് മാസം കഴിഞ്ഞ് കുഞ്ഞുമായി ഇവിടെ വന്ന് യുവാവിനൊപ്പം താമസിക്കുകയായിരുന്നു.
ആദിത്യനുമായി ഇപ്പോൾ പിണക്കത്തിലായ പെൺകുട്ടിയുടെ സഹോദരൻ ചൈൽഡ് ലൈനിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞു. തുടർന്ന്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിയിച്ചതുപ്രകാരം ഏനാത്ത് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
2022 മുതൽ പെൺകുട്ടിയുമായി അടുത്ത യുവാവ് പ്രണയം നടിച്ച് ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നൽകി ബലാൽസംഗത്തിന് വിധേയയാക്കി. ഭർത്താവുമായി പിരിഞ്ഞുനിൽക്കുന്ന രണ്ടാം പ്രതിയും മറ്റും താമസിക്കുന്ന വാടകവീട്ടിൽ നിത്യസന്ദർശകനായി മാറിയ ഇയാളെ, കഴിഞ്ഞ വർഷം കുട്ടിയുടെ പ്ലസ് വൺ പരീക്ഷസമയത്ത് അമ്മ വിളിച്ചുവരുത്തി. തുടർന്ന്, ഇയാളുടെ മാതാപിതാക്കളുടെ സമ്മതം വാങ്ങിയശേഷം, കുട്ടിയെ ഇയാൾക്കൊപ്പം പ്രതിയുടെ വീട്ടിലേക്ക് ഇവർ പറഞ്ഞയച്ചു.
നിയമാനുസൃതം അല്ലാത്ത വിവാഹത്തിന് കൂട്ടുനിൽക്കുകയും, നിയമാനുസൃത രക്ഷാകർതൃത്വത്തിൽ നിന്നും മനപ്പൂർവം ഒഴിവാക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് ഇവർ കുട്ടിയെ യുവാവിനോപ്പം അയച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കുട്ടി തുടർന്ന് ഗർഭിണിയായപ്പോൾ ഇത് മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കൾ ജോലിചെയ്യുന്ന വയനാട് ഇവർ എത്തിച്ചു. അവിടെ കൈനാടി ഗവണ്മെന്റ് ആശുപത്രിയിൽ പ്രസവം നടക്കുകയും ചെയ്തു. തുടർന്നാണ് ഇവിടെയെത്തി യുവാവുമായി വീണ്ടും താമസിച്ചുവന്നത്
കഴിഞ്ഞദിവസം ശിശുസംരക്ഷണ യൂണിറ്റിൽ നിന്നും, സംഭവം സംബന്ധിച്ച് കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ, ഏനാത്ത് പോലീസ് സ്ഥലത്ത് വിശദമായ അന്വേഷണം നടത്തുകയും, ഇന്ന് പെൺകുട്ടിയെ കണ്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ് വിശദമായി മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം ആണെന്ന് ബോധ്യപ്പെട്ട പോലീസ്, ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും ബാലനീതി നിയമമനുസരിച്ചും ബാല വിവാഹനിരോധന നിയമം വകുപ്പ് 9 പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
യുവാവിനെ ഒന്നാം പ്രതിയായും പെൺകുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയായും ഇയാളുടെ മാതാപിതാക്കളെ മൂന്നും നാലും പ്രതികളായും കേസെടുത്തു അന്വേഷണം ഊർജ്ജതമാക്കിയ പോലീസ്, ആദിത്യനെ ഇന്ന് സന്ധ്യയോടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.