തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ തിരുവനന്തപുരം പുളിമൂട് -അംബുജ വിലാസം റോഡിലെ ഗാന്ധിസ്മൃതി മണ്ഡപവും സ്ഥലവും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ പ്രസിഡൻ്റ് വി.സി. കബീർ മാസ്റ്റർ ആവശ്യപ്പെട്ടു.
സ്വാതന്ത്യസമര സേനാനി, ഹരിജൻ നവോത്ദാന പ്രവർത്തകൻ,ട്രേഡ് യൂണിയൻ നേതാവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ ഗാന്ധിയൻ ജുബ്ബാ രാമകൃഷ്ണപിള്ളയുടെ പുളിമൂട്ടിലെ തയ്യൽ പരിശീലന കേന്ദ്രം 1931 ജനുവരി 15 ന് ഗാന്ധിജി സന്ദർശിച്ചിരുന്നതിൻ്റെ സ്മരണാർത്ഥമാണ് പ്രസ്തുത സ്ഥലത്ത് 2000 ജനുവരി 17 ന് സ്മൃതി മണ്ഡപവും ഗാന്ധി പ്രതിമയും സ്ഥാപിച്ചത്.
എന്നാൽ ഇന്ന് അവിടെ സ്ഥലം മുഴുവൻ കാടുപിടിച്ച് മാലിന്യം നിറഞ്ഞ് സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി മാറിയിരിക്കുന്നു. പരിപാവനമായ ഗാന്ധി സ്മൃതി മണ്ഡപം സർക്കാർ ഏറ്റെടുത്ത് പരിസരം മലിനപ്പെടുക്കുന്നത് തടയുന്നതിനും പൊതുജനങ്ങൾക്ക് പ്രാർത്ഥന നടത്തൻ കഴിയുന്ന വിധം നവീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഗന്ധിയൻ സംഘടനകൾ നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വി.സി.കബീർ മാസ്റ്റർ.
കേരള പ്രദേശ് ഗാന്ധി ദർശൻ നേതാവ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .മുൻ എം.എൽ.എ ടി.ശരത്ചന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ മാസ്റ്റർ, കമ്പറ നാരായണൻ,മുൻ എം.എൽ എ വട്ടിയൂർക്കാവ് രവി, പരശുവയ്ക്കൽ രാധാകൃഷ്ണൻ,ആർ.ഹരികുമാർ,ബി.സുഭാഷ്,ഗാന്ധിസ്മാരക നിധി ഡയറക്ടർ വി.കെ. മോഹനൻ, ജി.രവീന്ദ്രൻ നായർ, വി.ഹരികുമാർ, കെ.ഗോപാലകൃഷ്ണൻ നായർ,വി.വിജയകുമാർ ജുബ്ബാരാമകൃഷ്ണപിള്ള ഫൗണ്ടേഷൻ ഡയറക്ടർ റജികുമാർ മണ്ണാർക്കാട്, പുളിമൂട് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സുകുമാരൻ എന്നിവർ പ്രസംഗിച്ചു.