പാരീസ് : ഒളിംപിക്‌സ് 2024 ന് പാരീസിൽ ഗംഭീര തുടക്കം. പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടു. ഒളിമ്പിക് ദീപശിഖയെ ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കിയാണ് സ്വീകരിച്ചത് . സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങിയവർ പങ്കെടുത്തു.
പി.വി. സിന്ധുവും ശരത് കമലും 78 അംഗ ഇന്ത്യൻ ടീമിനെ നയിച്ചു. ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെൻ നദിയിലൂടെ എത്തിയത്. 84–ാമതായിട്ടായിരുന്നു ഇന്ത്യൻ താരങ്ങളുടെ വരവ്.