പത്തനംതിട്ട : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റി. കേസ് ഡയറി ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണമല്ല സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയിൽ ഹർജി നൽകിയത്.
സിബിഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം തങ്ങൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും നവീൻ ബാബുവിൻ്റെ ഭാര്യ കെ. മഞ്ജുഷയും കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു
ഇതിന് ശേഷമാണ് ആദ്യത്തെ അഭിഭാഷകനെ ഒഴിവാക്കി ഇപ്പോൾ അഡ്വ. കെ. രാംകുമാറിനെ കേസ് ഏൽപ്പിച്ചത്. സംസ്ഥാന പൊലീസിൻ്റെ അന്വേഷണത്തിൽ തങ്ങൾക്ക് നിതി ലഭിക്കില്ലെന്നും നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് തങ്ങളെന്നും കുടുംബം അറിയിച്ചു.