കൊച്ചി : അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നു പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി. വിഷയങ്ങൾ നാളെ (ബുധൻ) കോടതി വീണ്ടും വിശദമായി പരിഗണിക്കും.
തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പതിനെട്ടാം പടിയിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത പോലീസിന്റെ ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പ്രത്യേകതകൾ ഉള്ള ആരാധനാലയമാണ് ശബരിമലയെന്നും കോടതി. പോലീസ് ഉദ്യോഗസ്ഥരുടെ ശബരിമലയിലെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെങ്കിലും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം നടത്തിയത് അംഗീകരിക്കാനാകില്ല. ഈ വിഷയത്തിൽ എക്സിക്യൂട്ടീവ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട് തേടി.
നാളെ (ബുധൻ)റിപ്പോർട്ട് സമർപ്പിക്കണം. നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണം. ഹോട്ടലുകൾ കേന്ദ്രീകരിച്ച് ചില പ്രശ്നങ്ങൾ സ്പെഷ്യൽ കമ്മീഷണർ സൂചിപ്പിച്ചതായി ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിവരങ്ങൾ ആരാഞ്ഞു.
ഭക്തരിൽ നിന്നും അനധികൃതമായി വില ഈടാക്കുന്ന കടകൾക്കെതിരെ നടപടികൾ കർശനമായി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പമ്പ-സന്നിധാനം പാതയിലെ കടകളിലും പരിശോധന നടത്തണം.നിലയ്ക്കൽ, പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റുകൾക്കാണ് നിർദേശം. ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി.