കൊല്ലം : കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെയും പ്രതി ചേർക്കും .പ്രേരണാക്കുറ്റമാണ് ചുമത്തുക. സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയിട്ടും കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് .
അതേസമയം .ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍നിന്നു പുറത്താക്കി.കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകീട്ട് 5.30-ഓടെയാണ് ആനൂര്‍ക്കാവില്‍ അമിതവേഗത്തിലെത്തിയ കാര്‍, സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിച്ചത്.വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ടെന്ന് നാട്ടുകാർ വിളിച്ച് പറഞ്ഞിട്ടും സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ(47) ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി ഫൗസിയ ചികിത്സയിലാണ്.