തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രയിൻ യാത്രക്കാർ നിർബന്ധമായും തിരിച്ചറിയൽ കാർഡ് കരുതണമെന്ന്
റെയിൽവേ. തിരിച്ചറിയൽ രേഖ പരിശോധന കർശനമാക്കണമെന്ന് ടിക്കറ്റ് പരിശോധകർക്ക് റെയിൽവേ കർശന നിർദേശം നൽകി.
ഇതുവരെയുള്ള രീതി അനുസരിച്ച് സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ ശരിയാണോ എന്ന് ഒത്തുനോക്കുകയുമായിരുന്നു. എന്നാൽ ഇനി റിസർവ് ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കും.
ഓൺലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ ഐആർസിടിസി/ റെയിൽവേ ഒറിജിനൽ മെസേജും തിരിച്ചറിയൽ കാർഡും ടിക്കറ്റ് പരിശോധകനെ കാണിക്കണം. സ്റ്റേഷനിൽനിന്നെടുത്ത റിസർവ് ടിക്കറ്റിനൊപ്പവും തിരിച്ചറിയൽ രേഖ കാണിക്കണം.
ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഏറിയ സാഹചര്യത്തിൽ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് കർശനമാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു.