പത്തനംതിട്ട : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് നാല്, ജൂനിയര്‍ റെഡ് ക്രോസ് മൂന്ന്, ഡിസ്പ്ലേ ബാന്‍ഡ് സെറ്റ് രണ്ട് എന്നിങ്ങനെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം, സുംബാ ഡാന്‍സ്, വഞ്ചിപ്പാട്ട്, ദേശീയോദ്ഗ്രഥന നൃത്തം എന്നിവ അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പുകള്‍ക്കുള്ള ട്രോഫി വിതരണവും സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ്, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാരായ ജാസിന്‍ കുട്ടി, സി കെ അര്‍ജുനന്‍, പി കെ അനീഷ്, എം സി ഷരീഫ്, എ സുരേഷ് കുമാര്‍, നീനു മോഹന്‍, എഡിഎം ബി ജ്യോതി, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.