ന്യൂഡൽഹി : ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു. കരാറിൽ മൂന്ന് മാസത്തിനകം ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോർട്ട്. അഞ്ച് റൗണ്ട് ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വർദ്ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും സ്വതന്ത്ര വ്യാപാര കരാർ സഹായിക്കും.
ഈവർഷം മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് വ്യാപാര കരാറിന്റെ ചർച്ചകൾ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രിയും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.കരാറിന്റെ അടിത്തറയിൽ അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്ന് ഇരുരാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.






