തിരുവനന്തപുരം : അപൂർവ്വ ദൃശ്യവിരുന്നൊരുക്കി വെളളറട കാരക്കോണത്ത് കുടപ്പന പൂത്തുലഞ്ഞു. കാരക്കോണം മെഡിക്കൽ കോളേജിന് സമീപം തുറ്റിയോട്ടുകോണത്തെ പുരയിടത്തിലാണ് കുടപ്പന പൂവിരിച്ചത് . അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധി പേരാണ് കാണാനായി എത്തുന്നത്.
20 മുതല്‍ 30 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഇവ പൂവിടുക. കുടപ്പന പൂവിട്ടാല്‍ ഒരു വര്‍ഷമെടുക്കും കായ്കള്‍ പഴുത്തുതുടങ്ങാന്‍. കുലയ്ക്കുന്നതോടെ പനകള്‍ക്ക് നാശവും സംഭവിക്കും. 30 വര്‍ഷമെടുക്കും ഒരു പന പൂവിടാന്‍.
പന കുലച്ചു കഴിഞ്ഞാല്‍ തായ്തടി വെട്ടിയെടുത്ത് അതിനുള്ളിലെ കാമ്പെടുത്ത് കുറുക്കി ഭക്ഷണമായും ഉപയോഗിച്ചിരുന്നു . ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ഓലകൾ കുടയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നതുകൊണ്ടാണ് കുടപ്പന എന്ന പേര് വന്നത്. വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപക മായി പണ്ട് ഉപയോഗിച്ചിരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകൾ കാർഷിക മേഖലയിൽ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. അനുഷ്ഠാന പരമായ ആവശ്യങ്ങൾക്കും അലങ്കാരാ വശ്യത്തിനും ഇപ്പോഴും ഇതുകൊണ്ട് കുടകൾ ഉണ്ടാക്കാറുണ്ട്.
കുടപ്പന ഒരിക്കൽ മാത്രം, അതായത് അതിന്റെ ജീവിതാന്ത്യത്തിൽമാത്രമാണ് പുഷ്പിക്കുന്നത്. ഇതിലൂടെ അനേകായിരം വിത്തുകൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പുഷ്പിക്കുന്ന പന അവസാനം ഓലകളും പൂത്തണ്ടും ഉണങ്ങി തായ്ത്തടി ജീർണ്ണിച്ച് നശിക്കുന്ന അവസ്ഥയിൽ എത്തും.