തിരുവനന്തപുരം : അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും ആശ പ്രവർത്തകർ കത്തയച്ചു. പരിപാടിയിൽ പങ്കെടുക്കുത്തതിലൂടെ വലിയ നുണയുടെ പ്രചാരകരായി മൂവരും മാറുമെന്ന് ആശ പ്രവർത്തകർ കത്തിൽ ചൂണ്ടിക്കാട്ടി.
മൂന്ന് നടന്മാരുടെ ഇ-മെയിൽ വിലാസത്തിലേക്കും കത്ത് അയച്ചിട്ടുണ്ട്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളുടെ പേരിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.കഴിഞ്ഞ എട്ടര മാസമായി ഈ മണ്ണിൽ മനുഷ്യോചിതമായി ജീവിക്കുവാനുള്ള അവകാശത്തിനു വേണ്ടി സെക്രട്ടേറിയറ്റിനു മുൻപിൽ സർക്കാരിന്റെ അനുഭാവപൂർണ്ണമായ തീരുമാനം കാത്ത് രാപകൽ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആശാപ്രവർത്ത കരായ സ്ത്രീ തൊഴിലാളികളാണ് ഞങ്ങൾ. തീർത്തും നിസ്വരായ ഞങ്ങളുടെ ദാരിദ്ര്യമോ ജീവിതക്ലേശങ്ങളോ തെല്ലും പരിഗണി ക്കാതെ കഴിഞ്ഞ 18 വർഷമായി സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ സമർപ്പിതമായി പ്രർത്തിക്കുന്നവരാണ് ആശമാർ.
പകർച്ചവ്യാധികളുടെ നാളുകളിൽ കണ്ണിമയ്‌ക്കാതെ ഞങ്ങൾ ജനങ്ങളെ പരിചരിച്ചു. രോഗിപരിചരണത്തിനായി രംഗത്തിറങ്ങിയ ഞങ്ങളുടെ 11 സഹപ്രവർത്തകർ കോവിഡ് ബാധിതരായി മരിച്ചു. ആശമാരുടെ നിസ്വാർത്ഥ പ്രയത്നങ്ങളെ മാനിച്ചുകൊണ്ട് ആരോഗ്യരംഗത്തെ കാലാൾപ്പട എന്ന് ഞങ്ങൾ വിശേഷിപ്പിക്കപ്പെട്ടു.
എന്നാൽ പരമ ദരിദ്രമായ ഞങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടു ത്താനോ ദുരിതങ്ങൾ അവസാനിപ്പിക്കാനോ ഒരു നടപടിയും എവിടെനിന്നും ഉണ്ടായില്ല തുടങ്ങി നിരവധി കാര്യങ്ങളാണ് കത്തിൽ സൂചിപ്പിക്കുന്നത്.






