ആലപ്പുഴ : ഇന്ത്യയിലെ വിദ്യാലയങ്ങളുടെ നിലവാരം പരിശോധിച്ചതിൽ കേരളം ഏറെ മുന്നിലാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ് എൽ പുരം ജിഎസ്എംഎം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
5000 കോടി രൂപയാണ് സംസ്ഥാന സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്തുന്നതിനായി ചെലവഴിച്ചത്.ക്ലാസ് മുറികൾ ഹൈടെക് ആക്കിയും പഠന രീതികൾ ആധുനികവത്ക്കരിച്ചും കുട്ടികൾക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കിയുമാണ് സംസ്ഥാന സർക്കാർ മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു.
മികച്ച ക്ലാസ് മുറികൾ, ആധുനിക സൗകര്യങ്ങൾ, സുരക്ഷിതമായ പഠനാന്തരീക്ഷം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണപ്പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകണമെന്ന് പ്രഥമാധ്യാപകനെ നേരിട്ട് വിളിച്ച് മന്ത്രി നിർദേശം നൽകി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്നും 1.5 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 1717 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികളും ഒരു സ്റ്റാഫ് മുറിയും രണ്ട് ശുചിമുറിബ്ലോക്കുകളുമുണ്ട്.
ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി.