കോന്നി : കൂടൽ മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ മല്ലശേരി സ്വദേശികളായ 4 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നും കാറിലെ എയർബാഗ് പ്രവർത്തിച്ചില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ നിഗമനം.
മല്ലശേരി പുത്തേതുണ്ടിയിൽ മതായി ഈപ്പൻ (63), മകൻ നിഖിൽ (30), മല്ലശേരി പുത്തൻവിള കിഴക്കേതിൽ ബിജു പി.ജോർജ് (56), മകൾ അനു (27) എന്നിവരാണ് ഇന്ന് പുലർച്ചെ 4 ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.
ബിജു പി. ജോർജ് ആണ് കാറോടിച്ചത്. നിഖിലിൻ്റെ ഭാര്യ അനുവിൻ്റെ പിതാവാണ് ബിജു. ശനി രാത്രിയിൽ ബിജു പള്ളിയിലെ കാരൾ സർവീസിൽ പങ്കെടുത്ത ശേഷം 10 മണിക്ക് ആണ് മകൾ അനുവിനെയും മരുമകൻ നിഖിലിനെയും കൂട്ടാൻ നിഖിലിൻ്റെ പിതാവ് മത്തായി ഈപ്പനോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്.
മിലിട്ടറിയിൽ നിന്ന് വിരമിച്ച ബിജു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
നാളെ (തിങ്കൾ) അനുവിൻ്റെ ജന്മദിനമാണെന്ന് ബന്ധുക്കൾ പറഞ്ഞു. കളിചിരികളും ആഘോഷങ്ങളുമായി സന്തോഷ നിമിഷങ്ങൾ ഉയരേണ്ട വീട്ടിലാണ് 4 മൃതദേഹങ്ങൾ എത്തുന്നത്. 8 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നിഖിലിൻ്റെയും അനുവിൻ്റെയും വിവാഹം കഴിഞ്ഞ 30 ന് നടന്നത്. ജന്മദിനവും ക്രിസ്മസും ആഘോഷിക്കാനുള്ള മടങ്ങിവരവ് ആയിരുന്നു ഇരുവരുടേയും.