കോട്ടയം : കോട്ടയം നഗരത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. വ്യക്തമായ സൂചന ലഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ലന്നും ശാസ്ത്രീയ പരിശോധനകൾ നടന്നുവരുകയാണന്നും അദ്ദേഹം പറഞ്ഞു.
പ്രതി പ്രധാന വാതിൽ തുറന്നാണ് അകത്തു കയറിയത് എന്നാണ് സംശയിക്കുന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്ന ശേഷമാണ് വാതിൽ തുറന്നത്. തുടർന്ന് കോടാലി ഉപയോഗിച്ച് കൊലപാതകം നടത്തി.
പോലീസ് ജോലിക്കാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വീട്ടിലെ സിസിടിവി ഡിവിആർ കാണാനില്ലന്നും കൊലപാതകത്തിൽ പ്രൊഫഷണൽ അപ്പ്രോച്ച് കാണുന്നില്ലന്നും പോലീസ് മേധാവി പറഞ്ഞു.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടർന്ന് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.