കോഴഞ്ചേരി : വാടക കുടിശ്ശികയെ തുടർന്ന് കോഴഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്വകാര്യ ബസ്സ്റ്റാന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന മൂന്ന് കടമുറികൾ പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു
റോഡിന് അഭിമുഖമായുളള കെ.എം.ജി. ഇലക്ട്രോണിക്സ്, വാച്ച് റിപ്പയറിംഗ് കട, ഒന്നാം നിലയിലെ ബ്യൂട്ടി പാർലർ എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻ ബിജോ പി.മാത്യു, അംഗങ്ങളായ ബിജിലി പി.ഈശോ, സുമിത ഉദയകുമാർ, സെക്രട്ടറി വി.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്. ഇലക്ട്രാണിക്സ് കടയുടെ സാധനങ്ങൾ പഞ്ചായത്ത് ജീവനക്കാർ പുറത്ത് എടുത്തു വച്ചതറിഞ്ഞ് എത്തിയ കടയുടമ ബോധം കെട്ടുവീണതിനെ തുടർന്ന് ചെറിയ തോതിൽ വാക്കേറ്റവും ഉണ്ടായി.
ഒന്നര ലക്ഷം രൂപാ റവന്യൂ റിക്കവറി പ്രകാരവും 92476 രൂപാ പഞ്ചായത്തിലും അടച്ചതാണെന്നും മകൻ രോഗം ബാധിച്ച് മരിച്ചതിനെ തുടർന്ന് ബാധ്യത വന്നതിനാലാണ് വാടക മുടങ്ങിയതെന്നും കടയുടമ പറഞ്ഞു .തുടർന്ന് നടന്ന ചർച്ചയിൽ 10 ദിവസത്തിനുളളിൽ കുടിശ്ശിക അടയ്ക്കാമെന്ന ഉറപ്പിൽ പഞ്ചായത്തധികൃർ സാധനങ്ങൾ തിരികെ കടയിൽ എടുത്ത് വെപ്പിച്ചു.