കോട്ടയം : കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ കെ എസ് ആർ ടി സി ബസുകൾക്ക് സ്വീകരണം നൽകി. പാറശ്ശാല, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ആണ് ആദ്യ ദിനത്തിൽ എത്തിയത്.
പുലർച്ചെ 6.30 മുതൽ കെ എസ് ആർ ടി സി ബസുകൾ തീർത്ഥാടകരുമായി എത്തി തുടങ്ങി. ആദ്യം എത്തിയത് ചേർത്തല ഡിപ്പോയിൽ നിന്നുള്ള ബസാണ്. കെ എസ് ആർ ടി സി ബസിലെത്തുന്ന യാത്രക്കാരെ തിരിച്ച് അറിയുന്നതിന് വേണ്ടി പ്രത്യേക ബാഡ്‌ജ് നൽകിയാണ് ക്ഷേത്രങ്ങളിൽ പ്രവേശിച്ചത്. ഭക്തജനങ്ങൾക്ക് എല്ലാ വിധ സഹായങ്ങളുമായി ബെഡ്ജ്റ്റ് ടൂറിസം കോ -ഓർഡിനേറ്റർമാരുണ്ട്.
അമനകര ക്ഷേത്രത്തിൽ എത്തിയ ബസുകൾക്കും, യാത്രികർക്കും ക്ഷേത്രം ഭരണസമതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭാരവാഹികളായ വി. സോമനാഥൻ നായർ അക്ഷയ, പി.പി. നിർമ്മലൻ, സലി ചെല്ലപ്പൻ, ഉഴവൂർ ബ്ലേക്ക് പഞ്ചായത്ത് മെമ്പർ ബൈജു ജോൺ പുതിയിടത്തു ചാലിൽ, ബഡ്‌ജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ ആർ അനീഷ്, ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർ സന്നിഹിതരായി.