കോട്ടയം: ഓണക്കാലത്ത് സ്പെഷ്യല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി. പുതിയ ബസുകളാണ് ഇതിനായി വിനിയോഗിക്കുക. സെപ്റ്റംബര്‍ 15 വരെയാണ് ബംഗളൂരു, ചെന്നൈ, മൈസൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് കേരളത്തില്‍ നിന്ന് സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുക. പുതിയതായി പ്രഖ്യാപിച്ച സ്പെഷ്യല്‍ സര്‍വീസുകള്‍ നിലവില്‍ ഉള്ളവയ്ക്ക് പുറമേ ആയിരിക്കുമെന്നാണ് വിവരം. ഇതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ശബരിമലയിലേക്കും സ്പെഷ്യല്‍ സര്‍വീസ് നടത്തുമെന്നാണ് പ്രഖ്യാപനം.ഈ മാസം ആദ്യം വാങ്ങിയ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ വിഭാഗങ്ങളില്‍ പെട്ട ബസുകള്‍ അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സ്പെഷ്യല്‍ സര്‍വിസിനായി ഉപയോഗിക്കുക. ഓണക്കാലത്തെ സ്പെഷ്യല്‍ സര്‍വീസുകള്‍ക്കു ശേഷമാകും ഡിപ്പോകള്‍ക്കു കൈമാറുക. സെപ്റ്റംബര്‍ ഒന്നാം തീയതി മുതലായിരിക്കും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍.
തിരുവനന്തപുരം, കൊട്ടാരക്കര, ആലപ്പുഴ, കോട്ടയം, പാല, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നാണ് നിലവില്‍ വിവധ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാലായില്‍ നിന്ന് മൈസൂറിനും സര്‍വീസുണ്ട്. കോട്ടയം ഡിപ്പോയില്‍നിന്ന് 2 സര്‍വീസുകള്‍ പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി ബംഗളൂരുവിലേക്കും പാലായില്‍നിന്ന് ഒരു സര്‍വീസ് കോഴിക്കോട്, കല്‍പറ്റ, മാനന്തവാടി, മൈസൂരു വഴി ബെംഗളൂരുവിലേക്കും പുറപ്പെടും. കൂടുതൽ വിവരങ്ങൾക്ക് www.keralartc.com സന്ദർശിക്കുക.