കോട്ടയം: കേരളത്തിലെ എല്ലാ കെ എസ്ആ ർ ടി സി ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സീറ്റ് സംവരണത്തിൽ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകൾ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള സർവീസുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്ന കെ.എസ്.ആർ.ടി.സിയുടെ വാദം കമ്മീഷൻ തള്ളി. ഇത്തരം ബസുകളിൽ പൊതുവിഭാഗം സീറ്റുകളിൽ മുതിർന്ന പൗരന്മാർക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന വാദവും കമ്മീഷൻ അംഗീകരിച്ചില്ല.
മുതിർന്ന പൗരന്മാർക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും നൽകേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
എറണാകുളം മുതൽ കോട്ടയം വരെ ഓൺലൈൻ റിസർവേഷൻ ചെയ്ത മുതിർന്ന പൗരന്മാർക്ക് റിസർവ് ചെയ്ത സീറ്റിൽ നിന്ന് മറ്റൊരാൾക്കായി മാറിക്കൊടുക്കേണ്ടി വന്നതായി ആരോപിച്ച് വടവാതൂർ സ്വദേശി ജയിംസ് സമർപ്പിച്ച പരാതിയിലാണ് നടപടി.