വയനാട് : വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു.ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്.
അതേസമയം ,മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി 19 ഓളം പേരുടെ ശരീരഭാഗങ്ങള്‍ ഒഴുകിയെത്തി.വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നിഗമനം.മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. കുന്നിനു മുകളിൽ 150 പേർ അഭയം തേടിയിരിക്കുകയാണ് .
രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് വയനാട്ടിൽ ഇറങ്ങാനാകാതെ കോഴിക്കോട്ടിറക്കി. എൻഡിആർഎഫ് സംഘങ്ങൾ പുഴയ്ക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള ശ്രമം തുടരുകയാണ്