ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ജില്ലയില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. രാവിലെ എഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച 18 കേന്ദ്രങ്ങളിലായി നടന്നു. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായാണ് വിതരണം നടന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് ഡിസംബര്‍ അഞ്ചിന് തന്നെ ജില്ലയില്‍ പൂര്‍ത്തിയാക്കിയിരുന്നു. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. വോട്ടിംഗ് കമ്പാര്‍ട്ട്്‌മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക.
നഗരസഭയില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് ലേബലുകളാണ് മെഷീനില്‍ പതിക്കുന്നത്. ഗ്രാമപഞ്ചായത്തിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീലയുമാണ് നിറം. നഗരസഭകളില്‍ വെള്ള നിറത്തിലുള്ള ലേബലുകളാണ് ഉപയോഗിക്കുന്നത്. 3305 ബാലറ്റ് യൂണിറ്റുകളും 9207 കണ്‍ട്രോള്‍ യൂണിറ്റുകളുമാണ് ജില്ലയില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജില്ലയില്‍ 10008 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 2502 പ്രിസൈഡിങ് ഓഫീസര്‍മാരും 2502 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 5004 പോളിംഗ് ഓഫീസര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. 20 ശതമാനം ഉദ്യോഗസ്ഥരെ റിസര്‍വ് ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 1802, നഗരസഭകളില്‍ 283 എന്നിങ്ങനെ ആകെ 2085 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ ഉള്ളത്. 60 പ്രശ്നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
72 ഗ്രാമപഞ്ചായത്തുകള്‍, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭകള്‍, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക്് ഭരണസാരഥികളെ കണ്ടെത്തുന്നതിന് നടത്തുന്ന തിരഞ്ഞെടുപ്പില്‍ 5395 സ്ഥാനാര്‍ത്ഥികളാണ് ജില്ലയില്‍ മത്സരിക്കുന്നത്. അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 1,80,2,555 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 9,60,976 സ്ത്രീ വോട്ടര്‍മാരും 8,41,567 പുരുഷ വോട്ടര്‍മാരും 12 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.
സുരക്ഷിതവും സുഗമവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലയില്‍ 3650 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 21 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, സിവില്‍ പൊലീസ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ജില്ലയുടെ സുരക്ഷ ചുമതല കൈകാര്യം ചെയ്യും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസക്കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, പുതിയതായി രജിസ്റ്റര്‍ ചെയ്ത സമ്മതിദായകര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചേക്കാവുന്ന മറ്റേതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍.
വോട്ടര്‍ സ്ലിപ്പുമായി വോട്ട് ചെയ്യാന്‍ വരുന്ന വോട്ടര്‍മാരുടെ കൈവശമുള്ള സ്ലിപ്പില്‍ പാര്‍ട്ടി ചിഹ്നമോ സ്ഥാനാര്‍ഥിയുടെ ചിത്രമോ ഉണ്ടാവരുത്.






