തിരുവനന്തപുരം : ലൈംഗികപീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
നിർബന്ധിത ഭ്രൂണഹത്യ. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ അടക്കം മൂന്നിടത്ത് വെച്ച് ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. ക്രൂരമായി മർദ്ദിച്ചുവെന്നും സ്വകാര്യ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മൊഴിയിലുണ്ട് .
അതേസമയം ,ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യ ഹർജി നൽകി . തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് .യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ രാഹുൽ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.






