കോട്ടയം : മള്ളിയൂർ മഹാഗണപതിക്ഷേത്രം വിനായകചതുർഥിക്ക് ഒരുങ്ങി. ഒരാഴ്ച നീളുന്ന ഉത്സവമാണ് മള്ളിയൂരിലെ വിനായക ചതുർഥി. 21-ന് കൊടിയേറ്റ് നടക്കും.ചതുർഥിദിനം പള്ളിവേട്ടയും. ക്ഷേത്രദർശനത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.
10,008 നാളികേരത്തിന്റെ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും വിനായക ചതുർഥിദിനത്തിലെ സവിശേഷതയാണ്. നടി ശോഭന, ശരത്, ടി.എസ്. രാധാകൃഷ്ണ എന്നിവർ കലാമണ്ഡപത്തിലും താളവാദ്യകുലപതികളായ മട്ടന്നൂരും പെരുവനവും ക്ഷേത്രാങ്കണത്തിലും എത്തും.
ദിവസവും ഗണേശമണ്ഡപത്തിൽ വൈകീട്ട് ഏഴിന് കലാപരിപാടികൾ. 22 മുതൽ 26 വരെ ദിവസവും രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, ഒൻപതിന് വിശേഷാൽ നവക- പഞ്ചഗവ്യംഅഭിഷേകം, 9.30-ന് ഉത്സവബലി, 12.30-ന് ഉത്സവബലിദർശനം. ആറരയ്ക്ക് മുളപൂജ, രാത്രി 9.30-ന് വിളക്ക് എഴുന്നള്ളിപ്പ് നടക്കും.
ഉത്സവദിനങ്ങളിൽ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്ന് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സർവീസുകൾ ക്രമീകരിക്കുന്നത്.