തിരുവല്ല: ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ പെട്രോളിയം ഓഫ്‌ഷോർ റിഗ്ഗിൽ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് വാക്കുനൽകി 3 പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയയാളെ ജയിലിലെത്തി പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു . പെരിങ്ങര കാരയ്ക്കൽ കൊച്ചുമുണ്ടകത്തിൽ റോബിൻ സ്കറിയ (46) യെയാണ് മട്ടാഞ്ചേരി സബ് ജയിലിലെത്തി എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഫോർമൽ അറസ്റ്റ് ചെയ്തത്. തുടർന്ന്, കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ശേഷം തിരികെ തിരുവല്ല ജെ എഫ് എം കോടതിയിൽ ഹാജരാക്കി.
പൊടിയാടി മുണ്ടകത്തിൽ അജേഷ് ബാബുവിന്റെ പരാതി പ്രകാരം ഈ വർഷം ഏപ്രിൽ 23നാണ് പ്രതിക്കെതിരെ പുളിക്കീഴ് പോലീസ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തത്. 2023 ജൂൺ 10 നും 2025 ഏപ്രിൽ 23 നുമിടയിലാണ് തട്ടിപ്പ് നടന്നത്. അജേഷ് ബാബുവിൽ നിന്നും 2023 ജൂൺ 10 മുതൽ 2024 ജൂലൈ 19 വരെയുള്ള കാലയളവിൽ നാലു തവണയായി അക്കൗണ്ടിലൂടെയും നേരിട്ടും 5,54,000 രൂപയാണ് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു പ്രതി വാങ്ങിയത്. കൂടാതെ അജേഷിന്റെ സുഹൃത്തുക്കളായ ബിബിൻ തോമസിന് ജോലി വാഗ്ദാനം ചെയ്ത് പിതാവ് തോമസ് ജോർജ്ജിൽ നിന്നു 3,80,000 രൂപയും, വിഷ്ണു രവിയിൽ നിന്നും 5 ലക്ഷം രൂപയും വാങ്ങിയശേഷം പറഞ്ഞ ജോലിയോ പണമോ തിരികെ നൽകാതെ വിശ്വാസവഞ്ചന കാണിച്ചു എന്നതാണ് കേസ്.
സമാന രീതിയിലുള്ള തട്ടിപ്പിന് എറണാകുളം കണ്ണമാലി പോലീസ് സ്റ്റേഷനിൽ ഈ വർഷം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞവരികയാണ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതി മുമ്പാകെ പുളിക്കീഴ് പോലീസ് സബ് ഇൻസ്‌പെക്ടർ കെ സുരേന്ദ്രൻ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ, പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം പോലീസ് മട്ടാഞ്ചേരി സബ്ജയിലിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതി റോബിൻ സ്കറിയ്ക്ക് തിരുവല്ല ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനികളിൽ സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയതിന് കേസുകൾ നിലവിലുള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു. കേസിൽ അന്വേഷണം വ്യാപിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
