ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം 2025 ജനുവരി 1,2 തീയതികളിൽ നടക്കും. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയാണ് ഇത്തവണ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുക.
1 ന് രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന് അഖിലകേരള നായർ പ്രതിനിധിസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വാഗതവും വിശദീകരണവും നടത്തും. പ്രസിഡന്റ് ഡോ.എം ശശികുമാർ അധ്യക്ഷത വഹിക്കും. സംഘടനാ വിഭാഗം മേധാവി വി വി ശശിധരൻ നായർ നന്ദി പറയും. 3 ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30 ന് രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി 9 ന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗത്തിന്റെ മേജർ സെറ്റ് കഥകളി – ഉത്തരാസ്വയംവരം.
2ന് രാവിലെ രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 8 ന് വെട്ടിക്കവല കെ എൻ ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി, 10.30 ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. തുടർന്ന് ചേരുന്ന ജയന്തി സമ്മേളനത്തിൽ എൻ എസ് എസ് പ്രസിഡന്റ് എം ശശികുമാർ അധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല എം എൽ എ മുഖ്യപ്രഭാഷണം നടത്തും. കെ ഫ്രാൻസിസ് ജോർജ് എം പി അനുസമരണ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, ട്രഷറർ അഡ്വ. എൻ വി അയ്യപ്പൻ പിള്ള എന്നിവർ പ്രസംഗിക്കും.