പത്തനംതിട്ട : ഡാൻസാഫ് ടീമും തിരുവല്ല പോലീസും ചേർന്ന് നടത്തിയ കഞ്ചാവു വേട്ടയിൽ ഒഡിഷ സ്വദേശി തിരുവല്ലയിൽ പിടിയിലായി. ഒഡിഷ സാമ്പൽപൂർ ഗജപ്തി ജാലറസിങ്ങിന്റെ മകൻ അജിത് ചിഞ്ചണി (27) ആണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമിന്റെ നിരന്തരനിരീക്ഷണത്തിനൊടുവിലാണ് ഇയാൾ തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ഇന്നലെ രാത്രി പന്ത്രണ്ടിനുശേഷം പിടിയിലായത്. ഇയാളിൽ നിന്നും 14 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു.
ദിവസങ്ങളായി യുവാവ് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലാവുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിൽപ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
സ്ഥിരം കഞ്ചാവ് വാഹകനാണ് പ്രതി രണ്ടാഴ്ച്ചക്ക് മുമ്പും ഇയാൾ ഒഡിഷയിൽ നിന്നും തിരുവല്ലയിലെത്തി ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയും, പ്രാദേശിക കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു.