തിരുവനന്തപുരം: മോഹൻലാലിന്റെ കണ്ണിൽ മാധ്യമ പ്രവർത്തകന്റെ മൈക്ക് കൊണ്ടു. സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയിലെ മുഖ്യാതിഥിയായി പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം.
നടൻ പുറത്തേക്കിറങ്ങി വന്നതോടെ മാധ്യമങ്ങൾ താരത്തിന്റെ ബൈറ്റ് എടുക്കാനായി ചുറ്റം തടിച്ച് കൂടി. മാധ്യമപ്രവർത്തകർ ചോദിച്ച വിഷയത്തെ കുറിച്ച് അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് നടൻ തിരികെ മറുപടി നൽകി.
എന്നാൽ നടനെ വിടാതെ മാധ്യമപ്രവർത്തകർ ചുറ്റും വളഞ്ഞു. അതിനിടയിൽ ബൈറ്റിനായി മാധ്യമപ്രവർത്തകരിൽ ഒരാൾ നടന്റെ മുഖത്തേക്ക് നീട്ടി പിടിച്ച മൈക്ക് കണ്ണിൽ തട്ടി. ശേഷം പോലീസുകാർ ഇടപെട്ട് മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചിട്ടാണ് താരത്തിന് കാറിൽ കയറാൻ കഴിഞ്ഞത്. മൈക്ക് തട്ടി കണ്ണിന് വേദന അനുഭവപ്പെട്ടതോടെ അൽപ്പനേരം മോഹൻലാൽ സ്തംബ്ദനായി.
വേദന അനുഭവപ്പെട്ടിട്ടും രോഷാകുലനാകാതെ പതിവ് സ്റ്റൈലിൽ എന്താ… മോനെ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറിൽ കയറുകയാണ് ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി പേർ നടന്റെ ക്ഷമയെ പ്രശംസിച്ചു.