കോഴഞ്ചേരി: മോഹൻലാലിൻ്റെ ജൻന്മദിനാഘോഷത്തിൽ പങ്കുചേർന്ന് ഇലന്തൂർ പുന്നക്കൽ തറവാട്. കൗമാരകാലത്ത് മോഹൻലാൽ അവധിക്കാലം ചിലവിട്ടിരുന്നത് ഇലന്തൂരിലെ അമ്മയുടെ തറവാടായ പുന്നയ്ക്കൽ തറവാട്ടിലാണ്.
ലോകമെമ്പാടുമുള്ള മലയാളികൾ മലയാളത്തിൻ്റെ മഹാനടനായ മോഹൻലാലിൻ്റെ ജൻന്മദിനം ആഘോഷിക്കുമ്പോൾ, ഇലന്തൂർ പുന്നയ്ക്കൽ തറവാട്ടിലും അംഗങ്ങൾ ഒത്തുകൂടിയും മധുരം വിളമ്പിയും പിറന്നാളാഘോഷങ്ങളിൽ പങ്കാളികളായി. സംസ്ഥാന നിയമവകുപ്പ് സെക്രട്ടറി ആയിരുന്ന പിതാവ് വിശ്വനാഥൻ നായരുടെ ഔദ്യോഗിക ജീവിതത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് താമസമാക്കിയെങ്കിലും മോഹൻലാൽ അവധിക്കാലങ്ങളിലെല്ലാം അമ്മയുടെ തറവാടായ പുന്നക്കലിൽ എത്തുന്നത് പതിവായിരുന്നു.
ഇലന്തൂരിൽ വിപുലമായ സൗഹൃദ ബന്ധങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുൻ ഇലന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ വലിയമ്മാവൻ പുന്നയ്ക്കൽ ശ്രീധരൻപിള്ളയുടെ മകൾ ശ്രീലേഖയും കുടുംബവുമാണ് ഇപ്പോൾ ഇലന്തൂർ പുന്നയ്ക്കൽ തറവാട്ടിലുള്ളത്.
മലയാളികളുടെ സ്വകാര്യ അഹങ്കരമായ ലാലേട്ടൻ്റെ കുടുംബാംഗമായതിൽ ഏറെ അഭിമാനമാണുള്ളതെന്ന് ശ്രീലേഖ പറഞ്ഞു. ഏറെ തിരക്കുകൾക്കിടയിലും പുന്നയ്ക്കൽ തറവാട്ടിലെ ചടങ്ങുകളിലും കാവിലെ പൂജകളിലും അദ്ദേഹം സജീവമായി പങ്കെടുക്കാറുണ്ട്. കുടുംബാംഗങ്ങളുടെ എല്ലാ വിശേഷങ്ങളും നിരന്തരം അന്വേഷിക്കുകയും ഇടപെടുകയും ചെയ്യാറുണ്ട്. ജൻമനാട്ടിലെ അനുഭവങ്ങളും കഥകളും അദ്ദേഹം എഴുത്തുകളിലും അഭിമുഖങ്ങളിലും പതിവായി പങ്കുവയ്ക്കാറുമുണ്ട്. 250 ൽ ഏറെ വർഷം പഴക്കമുള്ള നാലുകെട്ട് വീടാണ് പുന്നയ്ക്കൽ തറവാട്.