മുംബൈ: ഡോംബിവാലിയിലെ കെമിക്കൽ ഫാക്‌ടറിയിൽ ബോയ്ലർ പ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.വ്യാഴാഴ്ച രാത്രി വരെ മരണസംഖ്യ 7 ആയിരുന്നു. വെള്ളിയാഴ്ച 3 മൃതദേഹങ്ങൾ കൂടി അധികൃതർ കണ്ടെടുത്തു.
ഡോംബിവാലി ഫേസ് 2 ൽ സ്ഥിതി ചെയ്യുന്ന അമുദൻ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചതാണ് വൻ തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഫാക്‌ടറിയുടെ ഉടമകൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.