പന്തളം : പന്തളത്ത് നഗരസഭാ കൗൺസിലർ സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു. പന്തളം നഗരസഭാ കൗൺസിലർ രത്നമണി സുരേന്ദ്രൻ ആണ് സ്വന്തം ചെലവിലും സുമനസുകളുടെ സഹായത്തിലും റോഡ് നവീകരണം പൂർത്തിയാക്കിയത്.
ശ്രീഭദ്ര ഭഗവതി ക്ഷേത്ര ജംഗ്ഷനിലെ റീ കോൺക്രീറ്റിംഗ് ആണ് വനിതാ കൗൺസിലറുടെ ചുമതലയിൽ നടന്നത്. നഗരസഭയിൽ നിന്ന് കോൺക്രീറ്റിംഗ് പണി എടുത്തത് വേണു എന്ന കരാറുകാരനാണ്. പണി ഉടൻ തുടങ്ങുമെന്ന കരാറുകാരൻ്റെ വാഗ്ദാനം സഹിക്ക വയ്യാതെയാണ് സ്വന്തം ചെലവിൽ കോൺക്രീറ്റ് ചെയ്യാൻ തയ്യാറായതെന്ന് കൗൺസിലർ രത്നമണി സുരേന്ദ്രൻ പറഞ്ഞു.
നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറും മറ്റും പല തവണ കരാറുകാരനെ സമീപിച്ചെങ്കിലും കോൺക്രീറ്റിംഗിന് തയ്യാറായില്ലെന്ന് നഗരസഭാ അധികൃതരും അറിയിച്ചു.വനിതാ കൗൺസിലറുടെ കോൺക്രീറ്റ് ജോലിയിൽ കോൺഗ്രസ് നേതാക്കളായ നൗഷാദ് റാവുത്തർ , നുജുമുദീൻ, പി.പി. ജോൺ, പി.എസ്. നീലകണ്ഠൻ, സുനിത വേണു, കെ. എൻ. സുരേന്ദ്രൻ, പൊതു പ്രവർത്തകൻ സുനു സുകുമാരൻ തുടങ്ങിയവരും പങ്കാളികളായി