ആലപ്പുഴ: ജില്ലയിലെ കോടതി കേന്ദ്രങ്ങളില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ 6750 ഒത്തുതീര്‍പ്പുകള്‍ നടന്നു. 22.33 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു. കോടതികളില്‍ പരിഗണനയിലിരിക്കുന്ന കേസുകളും കോടതിയേതര തര്‍ക്കങ്ങളുമാണ് പരിഹരിച്ചത്. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ 19,72,33,000 രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു. മജിസ്ട്രേറ്റ് കോടതികളില്‍ കുറ്റം സമ്മതിച്ചു പിഴ ഒടുക്കാവുന്ന കേസുകളില്‍ 5458 കേസുകള്‍ തീര്‍പ്പാക്കി. 62,28,750 രൂപ പിഴ ഈടാക്കി.
വിവിധ ബാങ്കുകള്‍ സമര്‍പ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകള്‍, രജിസ്‌ട്രേഷന്‍ വകുപ്പ് സംബന്ധിച്ച കേസുകളും അദാലത്തില്‍ പരിഗണിക്കപ്പെട്ടു. അദാലത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കോടതി കേന്ദ്രങ്ങളില്‍ വച്ച് നടത്തിയ അദാലത്തിന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍, സിവില്‍ ജഡ്ജിയും ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്.