‘നീലപൊന്മാന്’ എന്ന പേരില്‍ മുത്തശ്ശന്‍ കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്‍മാന്‍ ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. തന്റെ സിനിമ ജീവിതത്തില്‍ ആലപ്പുഴ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ചിത്രീകരണത്തിലെ കുട്ടനാടന്‍ മുഹൂര്‍ത്തങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തി.
ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകരായ വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.