തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതികളായ ബജറ്റ് ടൂറിസം തീർഥാടന ടൂറിസം യാത്രയിലേക്ക് പ്രത്യേക ബസുകൾ പുറത്തിറക്കി. കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകളോട് സാമ്യം തോന്നുന്ന ആദ്യം ഇറങ്ങിയ 10 ബസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.
150 ബസുകൾകൂടി ബജറ്റ് ടൂറിസത്തിന് പുറത്തിറക്കും. പച്ച നിറത്തിലുള്ള ബോഡിയിൽ മഞ്ഞ നിറത്തിലുള്ള ലൈനുകളാണ് നൽകിയത്. മുൻഭാഗത്ത് കെഎസ്ആർടിസി ബജറ്റ് ടൂർസ് എന്ന് എഴുതിയിട്ടുണ്ട്. വശങ്ങളിൽ ആനയുടെ ചിത്രവുമുണ്ട്. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളായിരുന്നു ബജറ്റ് ടൂറിസത്തിന് ഉപയോഗിച്ചിരുന്നത്.
കേരളത്തിലെ തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർക്യൂട്ട് സർവീസുകളാണ് ആരംഭിക്കുക. കൂടാതെ തമിഴ്നാട്,കർണാടകം ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ സഹകരണത്തോടെ മറ്റ് സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകൾ നടത്തും.
കെഎസ്ആർടിസിയുടെ പ്രീമിയം ബസുകളിലെ യാത്രക്കാരായ കുട്ടികളെ ആകർഷിക്കാൻ ഗിഫ്റ്റ് ബോക്സും പുറത്തിറക്കി. കളറിങ് ബുക്ക്, ക്രയോൺസ്, ബലൂൺ, ടിഷ്യു പേപ്പർ, ചോക്ലേറ്റ് എന്നിവയാണ് കിറ്റിലുള്ളത്.






