തിരുവനന്തപുരം : കെഎസ്ആർടിസിയുടെ നവീകരണത്തിന്റെ ഭാഗമായി മന്ത്രി ഉറപ്പു നൽകിയ പുതിയ ബസുകൾ എത്തി തുടങ്ങി. ഇതുവരെയുള്ള കെഎസ്ആർടിസി ബസുകളുടെ ഡിസൈനിൽ നിന്ന് വേറിട്ട ബോഡി ശൈലിയിലാണ് ഇപ്പോൾ എത്തിയിരിക്കുന്ന ബസുകൾ ഒരുക്കിയിട്ടുള്ളത്.
ടാറ്റയുടെ ഷാസിയിൽ എസിജിഎൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്ന കെഎസ്ആർടിസി ബസുകൾക്ക് ബോഡി നിർമ്മിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് എന്നീ രണ്ട് വിഭാഗങ്ങളിലേക്കുളള ബസുകളാണ് എത്തി തുടങ്ങിയത്. രണ്ട് വാഹനങ്ങളുടെയും ബോഡിയുടെ ഡിസൈൻ ഒരുപോലെ ആണെങ്കിലും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് എന്നിവയ്ക്ക് മുന്നിലെ നിറത്തിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഗോവയിലാണ് ബോഡി നിർമ്മിച്ചതെന്നാണ് ബസുകളിലെ താൽക്കാലിക നമ്പർ നൽകുന്ന സൂചന.
അടുത്തിടെയാണ് പുതിയ 143 ബസുകൾ വാങ്ങുന്നതിനായി കെഎസ്ആർടിസി അഡ്വാൻസ് നൽകി ടെൻഡർ ഉറപ്പിച്ചത്. ആദ്യഘട്ടമായി ഇതിൽ 80 ബസുകൾ ഉടനെത്തുമെന്നാണ് മന്ത്രി അറിയിച്ചിരുന്നു. വരുന്ന മൂന്ന് മാസത്തിനുള്ളിലാണ് ശേഷിക്കുന്ന 63 ബസുകൾ നിർമ്മാതാക്കൾ കെഎസ്ആർടിസിക്ക് കൈമാറുകയെന്നാണ് വിവരം.
രാജ്യത്തെ മുൻനിര ബസ് നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ്, അശോക് ലൈലാൻഡ്, ഐഷർ എന്നീ കമ്പനികളുടെ ബസുകളാണ് കെഎസ്ആർടിസി വാങ്ങിയിരിക്കുന്നത്. പുതിയ ബസുകൾ വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ 107 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ 62 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.