ന്യൂഡൽഹി : രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ അഞ്ചു ശതമാനവും 18 ശതമാനവും എന്നിങ്ങനെ രണ്ട് സ്ലാബുകളിലാണ് നികുതി ചുമത്തുക. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബിൽ വരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വിപണിയിൽ കർശനമായ നിരീക്ഷണം തുടരുമെന്നും സർക്കാർ ഉറപ്പുനൽകി. പാലുൽപ്പന്നങ്ങൾക്കും ജിഎസ്‍ടി ഇളവ് ലഭിച്ചതോടെ മിൽമയുടെ നിരവധി ഉത്പന്നങ്ങൾക്കും വില കുറവ് പ്രാബല്യത്തിൽ എത്തി. മിൽമയുടെ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ വില കുറഞ്ഞു.
ഒരു ലിറ്റർ മിൽമ നെയ്യിന് 45 രൂപ കുറവായി, 240 രൂപയായിരുന്ന 400 ഗ്രാം വെണ്ണ 225 രൂപയായി കുറഞ്ഞു. 500 ഗ്രാം പനീറിന്റെ വില 245 രൂപയിൽ നിന്ന് 234 രൂപയായും, ഒരു ലിറ്റർ മിൽമ വാനില ഐസ്ക്രീം 220 രൂപയിൽ നിന്ന് 196 രൂപയായും കുറഞ്ഞു.
എന്നാൽ സംസ്ഥാനത്ത് ലോട്ടറിയുടെ ജിഎസ്‍ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കൂട്ടിയെങ്കിലും ടിക്കറ്റിന്റെ വിലയിൽ മാറ്റമുണ്ടാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. നിലവിലെ ടിക്കറ്റ് നിരക്ക് തുടരും. എന്നാൽ, സമ്മാനത്തുകയുടെ അനുപാതത്തിലും ഏജൻറുമാരുടെ കമ്മീഷനിലും മാറ്റം വരുത്തും. പ്രത്യേകിച്ച് കമ്മീഷനിലാണ് വലിയ കുറവ് ഉണ്ടാകുന്നത്.
പുതിയ ജിഎസ്‍ടി പരിഷ്കാരം രാജ്യത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മധ്യവർഗ്ഗം, യുവാക്കൾ, കർഷകർ തുടങ്ങി എല്ലാവർക്കും പ്രയോജനകരമായ മാറ്റമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പലതരം നികുതികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ, ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാർ തീരുമാനം എടുത്തതെന്നും “ഒരു രാജ്യം, ഒരു നികുതി” എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതായും മോദി കൂട്ടിച്ചേർത്തു.






