ചങ്ങനാശ്ശേരി : ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചതിന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നായർ സർവീസ് സൊസൈറ്റി. ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിമർശിച്ചു. അതു സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിന് എൽഡിഎഫ് സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തു.
ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യങ്ങളും എന്ത് വില കൊടുത്തും സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സ്ത്രീ പ്രവേശനത്തെക്കുറിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോൾ എൻഎസ്‌എസ് മാത്രം ‘നാമജപ’ ഘോഷയാത്രകളുടെ പ്രതിഷേധം ആരംഭിച്ചു. ആ സമയത്ത് കോൺഗ്രസും ബിജെപിയും ചേർന്നില്ല. വിശ്വാസികൾ കൂട്ടത്തോടെ പങ്കെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനുശേഷം മാത്രമാണ് അവർ പിന്നീട് ചേർന്നത്.
സുപ്രീം കോടതി വിധി ഞങ്ങൾക്ക് എതിരായിരുന്നെങ്കിലും എൽഡിഎഫ് സർക്കാർ സ്ത്രീ പ്രവേശനം നടപ്പിലാക്കിയില്ല. അവർക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. കോൺഗ്രസും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം സർക്കാർ പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കുമെന്നും അതിനെതിരെ ഒന്നും ചെയ്യില്ലെന്നും അവർ ഞങ്ങൾക്ക് ഉറപ്പ് നൽകിയെന്നും എൻ എസ് എസ് വ്യക്തമാക്കി.






