ശബരിമല: വീരമണിയുടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോള്‍ അയ്യനെകാണാന്‍ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീര്‍ഥാടകര്‍. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുല്‍ദാസും സംഘവുമാണ് അയ്യന് സംഗീത വിരുന്നൊരുക്കിയത്.
ഭക്തിഗാനങ്ങളും ചലിച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയുള്ള നാദസംഗമം ഫ്യൂഷന്‍ ഷോയാണ് ഇവര്‍ വലിയനടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചത്. അദ്യമായാണ് ശബരിമലയില്‍ ഗാനാര്‍ച്ചന നടത്തുന്നതെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും ഗോകുല്‍ദാസ് പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് നീണ്ടൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചായി നാദസ്വരം വായിച്ച് ഗോകുല്‍ദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ്. അച്ഛന്‍ നെടുംകുന്നം മോഹന്‍ദാസാണ് ആദ്യഗുരു. ഗോകുല്‍ദാസിനോടൊപ്പം സന്തോഷ് തോട്ടക്കാട് (തവില്‍), സതീഷ് കൃഷ്ണ റാന്നി (വയലിന്‍), രമേശ് വണ്ടാനം (കീബോര്‍ഡ്), വികാസ് വി.അടൂര്‍ (തബല), സൂരജ് ബാബു ആറന്മുള (ധോലക്ക്) എന്നിവരും ഗാനാര്‍ച്ചനയില്‍ ഭാഗമായി.






