പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 126 -ാമത് ഓർമപ്പെരുന്നാളിന് 26നു കൊടിയേറും. നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാളെന്ന് പരുമല സെമിനാരി കൗൺസിൽ സെക്രട്ടറി ബിജു ഉമ്മനും മാനേജർ കെ.വി.പോൾ റമ്പാൻ എന്നിവർ അറിയിച്ചു.
26നു രാവിലെ 7.30ന് കുർബാനയ്ക്ക് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് തീർഥാടനവാരം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഹാരീസ് ബീരാൻ എംപി മുഖ്യസന്ദേശം നൽകും. വൈകുന്നേരം അഞ്ച് മുതൽ നവംബർ ഒന്നിനു സന്ധ്യവരെ നീളുന്ന 144 മണിക്കൂർ അഖണ്ഡ പ്രാർഥന ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ വിശുദ്ധ കുർബാനയും വിവിധ സമ്മേളനങ്ങളും വൈകുന്നേരം സുവിശേഷ പ്രസംഗങ്ങളും ഉണ്ടാകും
27ന് രാവിലെ എട്ടിന് കുർബാനയ്ക്ക് ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. പത്തിന് ബസ്‌ക്യോമ്മോ അസോസിയേഷൻ സമ്മേളനം ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് യുവജന സംഗമത്തിൽ നിയുക്ത കേരള ഭക്ഷ്യകമ്മീഷൻ ചെയർമാൻ ജിനു സഖറിയ ഉമ്മൻ യുവജന സന്ദേശം നൽകും.
28ന് രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പത്തിന് മദ്യവർജന ബോധവത്കരണ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ ജോസ് കളീക്കൽ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് മലങ്കര ഓർത്തഡോക്‌സ് സഭ വിവാഹ ധനസഹായ വിതരണം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും
29ന് രാവിലെ കുർബാനയ്ക്ക് ഡോ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. ഗുരുവിൻ സവിധേ പരിപാടി പരുമല സെമിനാരി എൽപി സ്‌കൂളിലെ വിദ്യാർഥി സംഗമം ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ശുശ്രൂഷ സംഗമം കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. യൂഹാനോൻ മാർ തേവോദോറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
30ന് രാവിലെ കുർബാനയ്ക്ക് ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. മർത്തമറിയം വനിതാ സമാജം സമ്മേളനം ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ യുഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് പിതൃസ്മൃതി സമ്മേളനത്തിൽ ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഫാ ഡോ കെ.എം.ജോർജ് മുഖ്യപ്രഭാഷണം നടത്തും.
31ന് രാവിലെ കുർബാനയ്ക്ക് ഡോ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പത്തിനു പരിസ്ഥിതി സമ്മേളനം ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് പേട്രൺസ് ഡേ സമ്മേളനം യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഡോ ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നിർവഹിക്കും.
1ന് രാവിലെ 6.30ന് ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയും 7.30ന് മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയും കുർബാനയ്ക്ക് കാർമികരാകും. പത്തിന് പ്രാർഥനായോഗം സമ്മേളനം മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സന്യാസ സമ്മേളനത്തിൽ ഡോ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകും. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തീർഥാടനവാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ് തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും.
2ന് പുലർച്ചെ മൂന്നിന് പള്ളിയിലും 6.30ന് ചാപ്പലിലും വിശുദ്ധ കുർബാന ഉണ്ടാകും. എട്ടിന് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. പത്തിന് ചേരുന്ന സമ്മേളനത്തിൽ റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ ദി ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഹോണർ പുരസ്‌കാരം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് സമ്മാനിക്കും. സമ്മേളനം ഡോ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റഷ്യൻ സഭയുടെ ബിഷപ് ആന്റണി അവാർഡുദാനം നിർവഹിക്കും. 12ന് വിദ്യാർഥി പ്രസ്ഥാനം സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് റാസ, മൂന്നിന് ആശിർവാദം, കൊടിയിറക്ക്.