തിരുവല്ല: കുറ്റൂരിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തെ ബാധിക്കുന്ന തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ടുവർഷം മുമ്പ് കോടികൾ മുടക്കി നവീകരിച്ച കുറ്റൂർ മനക്കച്ചിറ റോഡിലാണ് തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ.
റോഡ് പുനർനിർമ്മാണ വേളയിൽ തന്നെ പഴയ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കണമെന്നുള്ള ആവശ്യം ഉയർന്നെങ്കിലും ആവശ്യം പരിഗണിക്കാതെയുള്ള റോഡ് നിർമ്മാണം പൂർത്തീകരിച്ചത് മൂലം വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദത്തിൽ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്നതാണ് ഇപ്പോഴത്തെ ദുരിതങ്ങൾക്ക് കാരണം.
തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ കുടിവെള്ള വിതരണത്തെ മാത്രമല്ല റോഡ് ഗതാഗതത്തയേയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും
യോഗം വിലയിരുത്തി.
കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജോ ഇലഞ്ഞിമൂട്ടിൽ, ജോസ് തേക്കാട്ടിൽ, കെ എസ് എബ്രഹാം, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് ടിന്റു മുളമൂട്ടിൽ, ഡോ. അജിൻ ചാക്കോ, കെ എം മാത്തുക്കുട്ടി, ജയിംസ് നാക്കാട്ടു പറമ്പിൽ, ഉഷ അരവിന്ദ്, അന്നമ്മ സ്കറിയ, മനീഷ് മാത്യു എന്നിവർ പ്രസംഗിച്ചു