പത്തനംതിട്ട: പുതുതലമുറയെ ലഹരിയിൽ നിന്ന് അകറ്റുന്നതിന് ഓരോ ഗ്രാമത്തിലും കളിക്കളങ്ങള്‍ ഉയരണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. അരുവാപ്പുലം കല്ലേലിയില്‍ ഗ്രാമപഞ്ചായത്ത് ആധുനിക നിലവാരത്തിൽ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടിച്ചേരുലുകള്‍ക്ക് ഇടങ്ങള്‍ കുറവാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഒത്തുചേരാനും കായിക വിനോദങ്ങളില്‍ പങ്കെടുത്ത് മികച്ച ജീവിതശൈലി പിന്തുടരുന്നതിനും മെച്ചപ്പെട്ട കളിയിടങ്ങള്‍ ഒരുങ്ങണം. അരുവാപ്പുലം പഞ്ചായത്ത് എല്ലാ മേഖലയിലും മികച്ച പ്രവർത്തനം നടത്തി.
സ്മാര്‍ട്ട് കൃഷിഭവന്‍, അരുവാപ്പുലം റൈസ്, ചില്ലി, കുടുംബശ്രീ കഫെ തുടങ്ങിയ നിരവധി പദ്ധതികളുമായി മാതൃകയായി. രണ്ടുതവണ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി. നവീകരിച്ച റോഡുകള്‍ നാടിന്റെ മുഖച്ഛായ മാറ്റി. പുളിഞ്ചാണി – രാധപ്പടി , അരുവാപുലം- വകയാര്‍, കൊക്കത്തോട് , ഊട്ടുപാറ എന്നീ റോഡുകൾ നവീകരിച്ചു. കുമ്മണ്ണൂര്‍- വയക്കര റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും.
കോന്നി മെഡിക്കല്‍ കോളേജിന് അത്ഭുതകരമായ വളര്‍ച്ചയുണ്ടായി.
ഓർമ്മയായ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരിലാണ് ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് അഭിമാനകരമാണെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയായി.