ആലപ്പുഴ: വിഎസിനു യാത്രമൊഴിയേകി രാഷ്ട്രീയ കേരളം. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു. പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കിയത്.
കണ്ണേ കരളേ വിഎസ്സേ…ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ…ഇല്ലാ.. ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വി എസ് ഇനി ചരിത്രം. മുദ്രാവാക്യം വിളികളുടേയും തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വി എസിന് ഇനി അന്ത്യവിശ്രമം.
തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. പാർട്ടി പതാക പുതച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ വിഎസിന് കേരളം വിട നൽകിയത്.
തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുടെ കണ്ണീർപ്പൂക്കളും മുദ്രാവാക്യങ്ങളും ഏറ്റുവാങ്ങിയാണ് ആലപ്പുഴയുടെ വിപ്ലവ മണ്ണിലേക്കെത്തിയത്. പ്രായഭേദമന്യേയുള്ള ജനക്കൂട്ടം തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും മണിക്കൂറുകളോളം കാത്തുനിന്നു.