കൊച്ചി: നാല് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്.
ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേകവിമാനത്തില്‍ രാഷ്‌ട്രപതി കേരളത്തില്‍ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാവിലെയാണ് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയത്.
സെന്റ് തെരേസാസ് കോളേജിലെ പരിപാടിയില്‍ പങ്കെടുത്തശേഷം നാവിക വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്‍ നാവിക വിമാനത്താവളത്തില്‍ നിന്ന് രാഷ്‌ട്രപതിയെ യാത്രയാക്കി.
ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍.വാസവന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്) റിയര്‍ അഡ്മിറല്‍ വി എസ് എം ഉപുല്‍ കുണ്ഡു, അഡ്വ ഹാരിസ് ബീരാന്‍ എം.പി, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക തുടങ്ങിയവരും സന്നിഹിതരായി.






